ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്കോപ്പാ (1832-1875)
ഫീലിപ്പോസ് കത്തനാരുടെ നാലാമത്തെ പുത്രനായി 1832-ല്‍ ജനിച്ചു. 1850 ജൂണ്‍ 23 (മിഥുനം 11) ന് പെന്തിക്കുസ്തി ദിവസം മുളന്തുരുത്തി പള്ളിയില്‍ വച്ച് സ്തേഫാനോസ് മാര്‍ അത്താനാസ്യോസ് ശെമ്മാശുപട്ടം നല്‍കി. 1851 ഒക്ടോബര്‍ 5-ന് പഴഞ്ഞിപള്ളിയില്‍ വച്ച് യൂയാക്കീം മാര്‍ കൂറിലോസ് കശ്ശീശാ, കോറെപ്പിസ്കോപ്പാ സ്ഥാനങ്ങള്‍ കൊടുത്തു. അവിവാഹിത പട്ടക്കാരന്‍ ആയിരുന്നു.
സുറിയാനി, വേദശാസ്ത്രം, കാനോനുകള്‍ മുതലായവയില്‍ പണ്ഡിതനായിരുന്നു. പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ വേദവിപരീതങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു. അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസുമായും മറ്റും സ്ഥിരമായി കത്തിടപാടുകള്‍ നടത്തി. ചിങ്ങവനം ദയറാ സ്ഥാപിച്ചു. 1873-ല്‍ കൊച്ചിയിലെ മാര്‍ത്തോമസ് അച്ചുകൂട്ടത്തില്‍ നിന്നും 'സുറിയാനിസഭാ പഞ്ചാംഗം' പ്രസിദ്ധീകരിച്ചു.
കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'പശ്ചിമതാരക-കേരള പതാക' പത്രത്തിലും ഇംഗ്ലണ്ടില്‍ നിന്നുള്ള പല ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ‘The Nature of the Syrian Church’ എന്ന ഗ്രന്ഥം 1869-ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. മലയാള തര്‍ജ്ജമ 'യാക്കോബായ സുറിയാനി സഭയുടെ സ്വരൂപം' എന്ന പേരില്‍ 1879-ല്‍ സഹോദരനായ ഗീവര്‍ഗീസ് കത്തനാര്‍ (പിന്നീട് മാര്‍ സേവേറിയോസ്) പ്രസിദ്ധപ്പെടുത്തി.
1875 മെയ് 26-ന് 43-ാം വയസ്സില്‍ നിര്യാതനായി.
Comments
Post a Comment