ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ (1799-1867)

 


കോട്ടയം താഴത്തങ്ങാടി ഇടവഴിക്കല്‍ കുടുംബത്തില്‍ 1799-ല്‍ ജനിച്ചു. 1815 മാര്‍ച്ചില്‍ കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി ആരംഭിച്ചപ്പോള്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായി വൈദികപഠനം ആരംഭിച്ചു. അന്ത്യോഖ്യയില്‍ നിന്നും വന്ന അത്താനാസ്യോസ് അബ്ദല്‍ മശിഹാ മെത്രാപ്പോലീത്തായില്‍ നിന്നും കശ്ശീശാപട്ടം പുനരായി ഏറ്റു. മാര്‍ അത്താനാസ്യോസില്‍ നിന്നും പട്ടമേറ്റവര്‍ക്കെതിരെ മലങ്കര മെത്രാപ്പോലീത്തായായിരുന്ന ചേപ്പാട്ടു മാര്‍ ദീവന്നാസ്യോസ് സര്‍ക്കാരില്‍ പരാതിപ്പെട്ടതനുസരിച്ച് പത്തു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നു. തിരുവെഴുത്ത് വിളംബരം അനുസരിക്കാതിരുന്നതിന് 504 കലിപ്പണം പിഴയും ഈടാക്കി, മലങ്കര മെത്രാനെ അനുസരിക്കാമെന്നു കച്ചീട്ട് എഴുതിവെയ്പിച്ചാണ് ജയിലില്‍ നിന്നും മോചിതനാക്കിയത്. 

പാലക്കുന്നത്ത് അത്താനാസ്യോസിന്‍റെ നവീകരണ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തു. അത്താനാസ്യോസിന്‍റെ വിരോധം മൂലം ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് 1000 രൂപ പിഴയടക്കേണ്ടി വന്നു. സ്വന്തം വീട് വിറ്റാണ് തുക കണ്ടെത്തിയത്. 

അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി നിരന്തരം കത്തിടപാടുകള്‍ നടത്തുകയും സത്യവിശ്വാസ സംരക്ഷണാര്‍ത്ഥം യൂയാക്കീം മാര്‍ കൂറിലോസ്, സ്തേഫാനോസ് മാര്‍ അത്താനാസ്യോസ് എന്നിവരെ മലങ്കരയിലെത്തിക്കുകയും ചെയ്തു. വിദേശ മെത്രാന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തുന്നില്ലെന്ന് കണ്ടപ്പോള്‍, സ്വദേശിയായ പുലിക്കോട്ടില്‍ കുടുംബത്തിലെ ഇട്ടൂപ്പ് കത്തനാരെ വിളിച്ചു വരുത്തി നിര്‍ബന്ധിച്ച് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന് ശുപാര്‍ശകത്ത് നല്‍കി അയച്ച് മെത്രാപ്പോലീത്തായാക്കി. പുലിക്കോട്ടില്‍ രണ്ടാമന്‍റെ വിജയം കാണാന്‍ ഭാഗ്യമില്ലാതെ 1867 മെയ് 10-ന് 68-ാം വയസ്സില്‍ നിര്യാതനായി. 

ഫീലിപ്പോസ് കത്തനാരുടെ നിര്യാണത്തെക്കുറിച്ച് കൊച്ചി ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തായായ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് അദ്ദേഹത്തിന്‍റെ നാളാഗമത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "1042-ാമാണ്ട് ഇടവ മാസം കോട്ടയത്ത് വലിയപള്ളിയില്‍ ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാരച്ചന്‍ മരിച്ചു. ഇദ്ദേഹം 80-ല്‍ ചില്വാനം വയസ്സു വരെ ജീവിച്ചിരുന്നു. ഇതിനിടയില്‍ ചെയ്തിരിക്കുന്ന വിസ്മയങ്ങളും ഉണ്ടാക്കിയിരിക്കുന്ന പുസ്തകങ്ങളും ആയതിലെ യുക്തികളും മറ്റു പല സംഗതികളും ഓര്‍ത്തു നോക്കുമ്പോള്‍ ഇതുപോലെ ബോധമുള്ള മനുഷ്യന്‍ ജനിക്കയില്ല എന്ന് നിരൂപിക്കാം. എങ്കിലും എല്ലാവന്‍റെയും സ്രഷ്ടാവ് ദൈവമാകയാല്‍ അവിടത്തേക്ക് ഇവ ഒന്നും പ്രയാസമില്ല എന്നും ഉറയ്ക്കാം. ഇദ്ദേഹത്തെ ഈ രാജ്യത്തു തന്നെയല്ല എഴുത്തു മുഖാന്തിരത്താല്‍ അന്ത്യോഖ്യാ മുതലായ സ്ഥലങ്ങളിലും സമ്മതിച്ചിരിക്കുന്നതു തന്നെയല്ല ഇംഗ്ലണ്ടില്‍ നിന്ന് പല തര്‍ക്ക ചോദ്യങ്ങള്‍ എഴുതി വന്നതിനാല്‍ ആയതിനൊക്കെയും മതിയായ യുക്തിയോടും സാക്ഷിയോടും കൂടി ആ വക തര്‍ക്ക ചോദ്യങ്ങള്‍ക്ക് മറുപടി എഴുതിയാറെ ഈ ദേശത്ത് പാര്‍ത്തുവരുന്ന വെള്ളക്കാരും അവിടെയുള്ള വെള്ളക്കാരും സമ്മതിച്ചിരിക്കുന്നു. പല പുസ്തകങ്ങളും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ആയതില്‍ വെന്തിങ്ങാ പുസ്തകമെന്ന് നാമധേയമായി ഒരു ചോദ്യോത്തര പുസ്തകമുണ്ടാക്കിയത് വെള്ളക്കാര്‍ കണ്ടാറെ ഇനാം കൊടുത്തു വാങ്ങി ധര്‍മ്മമായി അച്ചടിച്ച് പ്രസിദ്ധം ചെയ്തു. ആയതില്‍ വെന്തിങ്ങാ ഇടുന്നതിനെക്കൊണ്ടുള്ള തര്‍ക്കവും രൂപം വെയ്ക്കുന്നതിനെ കൊണ്ടും ബസ്പുര്‍ക്കാന എന്നു പറയുന്നതിനെ കൊണ്ടും റോമാ പാപ്പായുടെ പറ്റില്‍ മോക്ഷത്തിന്‍റെയും നരകത്തിന്‍റെയും താക്കോല്‍ ഉണ്ടെന്ന് പറഞ്ഞുവരുന്നതിനെയും കൊണ്ടുള്ള തര്‍ക്കങ്ങളാകുന്നു. ഇതു കൂടാതെയുള്ള പുസ്തകങ്ങള്‍ ഇദ്ദേഹം ഗതിക്ഷയക്കാരനാക കൊണ്ട് സഹായിപ്പാനാളില്ലാതെ വന്നതിനാല്‍ അച്ചടിച്ച് പ്രസിദ്ധം ചെയ്യുന്നതിന് ഇട വന്നില്ല. ഇദ്ദേഹം മരിക്കുന്ന സമയം മക്കളില്‍ ഒരു കത്തനാരച്ചനും ഒരു ശെമ്മാശനുമുണ്ട്. ഇവര്‍ പഠിത്തമുള്ളവരാകുന്നുവെങ്കിലും ഇതുപോലെയുള്ള യുക്തികള്‍ ഉണ്ടാകുന്നതല്ലായെന്ന് എല്ലാ ജനവും പ്രസിദ്ധമായി പറഞ്ഞുവരുന്നു." 

സഹധര്‍മ്മിണി: കുഞ്ഞാച്ചി. ഫീലിപ്പോസ് കോറെപ്പിസ്കോപ്പാ, ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് എന്നിവരുള്‍പ്പെടെ ഒമ്പതു മക്കള്‍.

സുറിയാനി ഭാഷയിലും വേദശാസ്ത്രത്തിലും പണ്ഡിതനായിരുന്നു. സുറിയാനിയില്‍ പല കവിതകളും, സഭാചരിത്ര വിശ്വാസ സംബന്ധമായ ലേഖനങ്ങളും ചോദ്യോത്തരങ്ങളും രചിച്ചിട്ടുണ്ട്. 1842-ല്‍ എഴുതിയ 'സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള വഴി' എന്ന ഗ്രന്ഥം 2003-ല്‍ പ്രസിദ്ധീകരിച്ചു. യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് രചിച്ച 'ഇന്ത്യയിലെ സുറിയാനി സഭാചരിത്രം' എന്ന ഗ്രന്ഥത്തില്‍ (കോട്ടയം, മോര്‍ ആദായി സ്റ്റഡി സെന്‍റര്‍, 2010) ഇദ്ദേഹത്തിന്‍റെ രചനകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട് (പേജ് 359-369). 

Comments

Popular posts from this blog

കെ. വി. ഗീവർഗീസ് റമ്പാൻ കൂട്ടുങ്കൽ

ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്കോപ്പാ (1832-1875)