കെ. വി. ഗീവർഗീസ് റമ്പാൻ കൂട്ടുങ്കൽ
പാമ്പാടി കൂട്ടുങ്കൽ വർക്കിയുടെയും അന്നമ്മയുടെയും മകനായി 1890 ജൂലായ് 14-ന് ഗീവർഗീസ് ജനിച്ചു. പേഴമറ്റത്തു കുറിയാക്കോസ് റമ്പാൻ ( പിന്നീട് പരി. പാമ്പാടി തിരുമേനി) പാമ്പാടി പള്ളിയിൽ വസിച്ചിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ശിഷ്യനായി നമസ്കാരക്രമങ്ങൾ അഭ്യസിച്ചു കൊണ്ട് പാമ്പാടി പള്ളി മദ്ബഹായിൽ ശുശ്രൂഷകനായി. തുടർന്ന് കോട്ടയം പഴയ സെമിനാരിയിൽ വൈദിക വിദ്യാഭ്യാസം ആരംഭിച്ചു. 1909-ൽ കൊച്ചു പറമ്പിൽ പൗലൂസ് മാർ കൂറിലോസ് തിരുമേനിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു. 1910-ൽ കൂ റിലോസ് തിരുമേനിയിൽ നിന്നും ശെമ്മാശുപട്ടം സ്വീകരിച്ചു. 1914-ൽ ആലുവാ തൃക്കുന്നത്തു സെമിനാരിയിൽ വച്ച് കുറ്റിക്കാട്ടിൽ പൗലൂസ് മാർ അത്താനാസ്യോസ് തിരുമേനിയിൽ നിന്നും കശീശ്ശാസ്ഥാനം സ്വീകരിച്ചു. തുടർന്നു 4 വർഷക്കാലം തൃക്കുന്നത്തു സെമിനാരിയുടെ ചുമതല വഹിച്ചു. പിന്നീട് പിറവം പള്ളിയിലെത്തി ഔഗേൻ റമ്പാൻ്റെ ( പിന്നീട് പരി.ഔഗേൻ ബാവ) ശിഷ്യത്വം സ്വീകരിച്ച് സുറിയാനി ഭാഷയിൽ അഗാധമായ അവഗാഹം നേടി. 1928-ൽ പുതുപ്പള്ളിയിൽ തൃക്കോതമംഗലത്ത് എത്തി മാർ ശർബീൽ ദയറായും സെൻ്റ് മേരീസ് ദയറാ പള്ളിയും സ്ഥാപിച്ചു. അവിടെ താമസിച്ചു കൊണ്ട് മല്പാൻ പാഠശാല നടത്തി വൈദിക വിദ്യാർത്ഥികളെ അഭ്യസിപ്പിച്ചു. 1930-ൽ അഭി. മീഖായേൽ മാർ ദീവന്നാസ്യോസ് തിരുമേനി റമ്പാൻ സ്ഥാനം നൽകി. 1938-ൽ പിറമാടംദയറാ യിലും പിറവം സെമിനാരിയിലും താമസിച്ചു. 1941-ൽ പരി.ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുവിതാംകോട് അരപ്പള്ളിയുടെ വികാരിയും മാനേജരുമായി നിയമിച്ചു. പിന്നീട് നിര്യാണം വരെ ( 29 വർഷം) അവിടെ പ്രവർത്തിച്ചു. അന്യാധീനപ്പെട്ടിരുന്ന പള്ളിയും വസ്തുവകകളും ഏറെ ക്ലേശങ്ങൾ സഹിച്ച് വീണ്ടെടുത്തു. പള്ളിയുടെ ജീർണ്ണാവസ്ത മാറ്റി. വളരെ ദൂരെ നിന്നും തിരുവിതാംകോട്ടു പള്ളിയിൽ എത്തുന്ന ആരാധകരുടെ സൗകര്യാർത്ഥം കുലശ്ശേഖരം എന്ന സ്ഥലത്ത് 1 ഏക്കർ 4 1 സെൻ്റ് സ്ഥലം വാങ്ങി മനോഹരമായ കാതോലിക്കാ സിംഹാസനപ്പള്ളിയും പാഴ്സനേജും നിർമ്മിച്ച് നല്ലൊരു ഇടവക സ്ഥാപിച്ചു. 1970 ജൂലായ് 16 - ന് 80 -ാം വയസ്സിൽ റമ്പാച്ചൻ ദിവംഗതനായി. അരപ്പള്ളിയുടെ തെക്കുവശത്തുള്ള പുരാതന കബറിൽ സംസ്കരിച്ചു.
പ്രാർത്ഥനാ മനുഷ്യൻ
പ്രാർത്ഥനയിൽ വളരെ തീഷ്ണവാനായിരുന്നു റമ്പാച്ചൻ. നോമ്പുകാലങ്ങളിൽ തറയിൽ മൂട്ടു ചിരട്ട നിരത്തി കമിഴ്ത്തി അതിന്മേൽ ഒരു തഴപ്പായ വിരിച്ചായിരുന്നു അദ്ദേഹം കിടന്നിരുന്നത്. യാമപ്രാർത്ഥനയ്ക്കു മുടക്കം വരാതിരിക്കുവാൻ ശരീരത്തെ ദണ്ഡിപ്പിച്ചുകൊണ്ടിരുന്നു. ശരീരത്തിനു സുഖ നിദ്ര നൽകിയാൽ രാത്രിയിലെ യാമങ്ങൾ അറിയാതെ കടന്നുപോകുമല്ലൊ. (ഒരു യാമം = 3 മണിക്കൂർ)ഏഴു യാമവും മുടങ്ങാതെ പ്രാർത്ഥിക്കുവാൻ ശരീരത്തെ ദണ്ഡിപ്പിച്ചു കൊണ്ടിരുന്നു. ദാവീദിനെപ്പോലെ പ്രാർത്ഥനാ വീരനായിരുന്നു ഗീവർഗീസ് റമ്പാൻ '
"നിൻ്റെ നീതിയുള്ള വിധികൾ നിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു" സങ്കീ. 119:164
വലിയ നോമ്പിൽ 40-ാം വെള്ളിയാഴ്ച വരെ ഭക്ഷണമൊന്നും കഴിക്കാതെ അല്പം ജലപാനം മാത്രം ചെയ്തു കൊണ്ട് ഉപവസിക്കുമായിരുന്നു. ഈ ദിവസങ്ങളിൽ ദൈവത്തോടല്ലാതെ മറ്റാരോടും സംസാരിക്കുകയില്ല. പരിപൂർണ മൗനവ്രതത്തിലായിരിക്കും. ദൈവത്തെ അടുത്തറിഞ്ഞ ഒരു പുണ്യവാനായിരുന്നു റമ്പാച്ചൻ.
ഉത്തമ ഗുരുനാഥൻ
"ആ പുണ്യപാദപീഠമായിരുന്നു ഞങ്ങളുടെ സെമിനാരി " എന്ന് ഈ പിതാവിൻ്റെ ശിഷ്യന്മാർ പറയണമെങ്കിൽ അത്രമാത്രം ദൈവത്തെ അറിഞ്ഞ് ശിഷ്യരെ ദൈവസ്നേഹത്തിലൂടെ, വേദ സത്യവ്യാഖ്യാനങ്ങളിലൂടെ നയിച്ച ഒരു വേദ ശാസ്ത്ര നിപുണനായ ഉത്തമഗുരുനാഥനായിരുന്നു റമ്പാച്ചൻ. പിൽക്കാലത്ത് മെത്രാപ്പോലീത്തമാരായ :
പറേകുളത്ത് യാക്കോബ് മാർ തീമോത്തിയോസ്, നരിമറ്റത്തിൽ യൂഹാനോൻ മാർ സേവേറിയോസ്, മാടപ്പാട്ട് യാക്കോബ് മാർ യൂലിയോസ്, പ്ലാമൂട്ടിൽ ഫീലിപ്പോസ് മാർ ഈവാനിയോസ്, പറപ്പള്ളിൽ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് (പെരുമ്പള്ളിത്തിരുമേനി) എന്നിവർ റമ്പാച്ചൻ്റെ ശിഷ്യന്മാരായിരുന്നു. കൂടാതെ ചിറപ്പുറത്തു ജീസസ്സ് കോറെപ്പിസ്കോപ്പ, കടിയന്തുരുത്തിൽ യേശു കത്തനാർ, പാതിയപ്പള്ളിൽ അച്ചൻ, പുളിക്കപ്പറമ്പിൽ ജോസഫ് കോറെപ്പിസ്കോപ്പ, ചെറത്തലാട്ട് സി. വി. ജോർജ്ജ് കോറെപ്പിസ്കോപ്പ, എണ്ണശ്ശേരിൽ ഇ. ജെ. കുറിയാക്കോസ് കത്തനാർ, കല്ലറയ്ക്കൽ അച്ചൻ, മാത്തശ്ശേരിൽ പി. എം. വർഗീസ് അച്ചൻ, കിഴക്കേടത്ത് കുറിയാക്കോസ് കോറെപ്പിസ്കോപ്പ, പെരിയോർമറ്റത്തിൽ പി. കെ. സഖറിയ അച്ചൻ, ദാനിയേൽ ജോർജ്ജ് അച്ചൻ എന്നീ വൈദിക ശ്രേഷ്ഠരും റമ്പാച്ചൻ്റെ ശിഷ്യഗണത്തിൽ പെട്ടവരാണ്.
മികച്ച ഗ്രന്ഥകർത്താവ്
റമ്പാച്ചൻ അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'തിരുവിതാംകോടു സുറിയാനിപ്പള്ളി ചരിത്രവും തരീസായ്ക്കളുടെ ഐതീഹ്യവും' 'സമാദാന സന്ദേശവാഹിനി' ' പരിശുദ്ധ മാർ യൂഹാനോൻ ബർ മൽക്കെയുടെ ചരിത്രം ' ' പരിശുദ്ധനായ മാർ ശർബീൽ സഹദായുടെ ജീവചരിത്രം' ' ആരാധനാസംഗീത സമാഹാരങ്ങൾ ' ( സുറിയാനിയിൽ നിന്നും മലയാളത്തിലേക്ക്) ' വലിയ നോമ്പിലെ പ്രാർത്ഥനാ ഗീതങ്ങൾ' (സുറിയാനിയിൽ നിന്നും മലയാളത്തിലേക്ക്) ' മലങ്കര മല്പാൻ കോനാട്ടു യാക്കോബു കശീശ്ശായുടെ ജീവചരിത്രം' ' ഗീവർഗീസ് റമ്പാച്ചൻ്റെ അന്ത്യ വിജ്ഞാപനം' എന്നിവ റമ്പാച്ചൻ രചിച്ച പുസ്തകങ്ങളാണ്.
മികച്ച പ്രഭാഷകൻ
റമ്പാച്ചൻ ശ്രേഷ്ഠനായ ഒരു ധ്യാന പ്രഭാഷകൻ കൂടി ആയിരുന്നു. റമ്പാച്ചൻ കൊല്ലം അരമനയിൽ ധ്യാനം നയിച്ചു കഴിഞ്ഞപ്പോൾ ആ ധ്യാനത്തിൽ സംബന്ധിച്ച ഒരു വിദ്യാർത്ഥി റമ്പാച്ചൻ്റെ അടുക്കൽ ഓടി വരുകയും തനിക്ക് വൈദികനാകണമെന്ന് പറയുകയും ചെയ്തു. ഈ വിദ്യാർത്ഥിയാണ് പിൽക്കാലത്ത് മലങ്കര സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ആയ ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനി. ഇങ്ങനെ അനേകം വ്യക്തികളെ ദൈവിക വഴിയിലേക്ക് ആനയിക്കുവാൻ റമ്പാച്ചനു സാധിച്ചു.
Comments
Post a Comment